Monday, 13 January 2014

അറിവ് -തിരിച്ചറിയാൻ തിരുത്താൻ

         അറിവ് -തിരിച്ചറിയാൻ തിരുത്താൻ

                                                                             
          വിജ്ഞാന സമ്പാദനത്തിനുള്ള  ആത്യന്തികമായ  വഴി വിദ്യാഭ്യാസമാണ്. വിദ്യ  അഥവാ  അറിവ്  സമ്പാദിക്കുക  എന്നത്  സാധാരണമായ  ഒന്നായി മാറിക്കഴിഞ്ഞു. ഇന്ന് നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസത്തിനു വൻ പ്രാധാന്യമാണുളളത്. ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരുടെ എണ്ണം അനുദിനം സമൂഹത്തിൽ വർദ്ധിച്ചു വരുന്നു. വർഷങ്ങക്കു  മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശുഷ്കമായിരുന്നെങ്കിൽ ഇന്ന് സമൂഹത്തിൻറെ മുക്കിലും മൂലയിലും വിദ്യാഭ്യാസസ്ഥാപനങ്ങളാണ്.സ്കൂളുകളും കലാലയങ്ങളും ഏറെ വർദ്ധിച്ചുകഴിഞ്ഞു. 
         എന്താണ്  വിദ്യാഭ്യാസത്തിൻറെ   ലക്ഷ്യം? വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാധാന്യം നൽകിവരുന്ന നമ്മുടെ സമൂഹത്തിൽ തൊഴിൽ,കരിയർ,പഠനം എന്നിവയൊക്കെ  വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം തന്നെയാണ്. പക്ഷേ  അവയൊന്നും അത്യന്തികമായ ലക്ഷ്യമല്ലെന്നുമാത്രം. അറിവ് സമ്പാദി ക്കുന്നതുകൊണ്ട് തനിക്ക് വലിയ ഉദ്യോഗം ലഭിക്കണമെന്ന് പല വിദ്യാർത്ഥികളും തങ്ങളുടെ   ലക്ഷ്യമായി  കരുതാറുണ്ട്‌. വേറെ ചിലർ വിജ്ഞാന സമ്പാദനം തൻറെ നാളത്തെ നല്ലൊരു കരിയറിനുവേണ്ടിയുള്ള ചവിട്ടുപടിയായി കാണുന്നു . ജീവിത്തിന്റെ കഷ്ടപ്പാടുകളിൽ  നിന്ന് തനിക്കൊരു മോചനം ലഭിക്കാൻ തന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾക്ക് അറുതിവരുത്താൻ പണം  സമ്പാദിക്കാനുള്ള വഴിയായി വിദ്യാഭ്യാസത്തെ കാണുന്നവരും ഇവിടെയുണ്ട്. ധനവും തൊഴിലും കരിയറും മറ്റും വിദ്യാഭ്യാസത്തിൻറെ  ലക്ഷ്യമല്ല. നേട്ടങ്ങളാണെന്നതാണ് സത്യം. ഒരാൾ  അറിവ്  സമ്പാദിക്കുന്നതിലൂടെ ലക്ഷ്യമാക്കേണ്ടത് വ്യക്തി സംസ്കരണമാണ്. മികച്ച സ്വഭാവം കൈവരിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിൻറെ   ലക്ഷ്യം.
              എങ്കിൽ മാത്രമേ വിദ്യാർത്ഥികൾ അറിവ് നേടിയതുകൊണ്ട്‌ സമൂഹത്തിന് നേട്ടമുണ്ടാവുകയുളളൂ. അല്ലാതെ  കുറെ അറിവുകൾ നേടിയിട്ട് അതുകൊണ്ട് സമൂഹത്തിന് പ്രത്യേകഗുണമൊന്നും ലഭിക്കുന്നില്ല. നല്ല വ്യക്തിയാവാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ടോ ? ബി ടെക്കും ,എം ടെക്കും ,പിജിയും ,എംഎഫിലും നേടിയവർ മയക്കുമരുന്നിന്റെയും മദ്യപാനത്തിൻറെയും അടിമകളായി അധപ്പധിക്കുമ്പോൾ ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക വിദ്യാ കലാലയമായ എൻ. ഐ.ടി വിദ്യാർത്ഥി അർഷാദാണു മയക്കുമരുന്നിന് പണം നൽകാതിരുന്നതിന് തന്നെ നൊന്തു പ്രസവിച്ച മാതാവിനെ കൊല്ലാൻ മാത്രം കരളുറപ്പുണ്ടായത്. തന്റെ കൂടെ പഠിക്കുന്ന  വിദ്യാർത്ഥിയെ ചില നിസ്സരകാ ര്യത്തിന്റെ പേരിൽ കൊന്നുകളയാൻ ലെജിൻ വർഗീസിന് സാധിച്ചതെങ്ങനെയാണ് ? എൽ.കെ.ജി വിദ്യാർത്ഥിയെ 12 വയസ്സുകാരൻ പീഡിപ്പിച്ചുകൊല്ലുവാൻ മാത്രം ക്രൂരനാവാൻ കഴിഞ്ഞതെങ്ങനെ ? ഇതാണ് ലക്ഷ്യം മറന്ന് ലക്ഷത്തെ  മോഹിച്ച് നാം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിൻറെ പരാജയം.
          കത്തുന്ന ഹൈഡ്രജനും കത്താൻ സഹായിക്കുന്ന ഓക്സിജനും 2 :1 എന്ന അനുപാതത്തിൽ കൂടിച്ചേർന്നാൽ വെള്ളമുണ്ടാകുമെന്ന് ക്ലാസുകളിൽ പഠിച്ച് പ്രാക്റ്റികലുകൾ ചെയ്ത് ഗ്രേഡുകൾ വാരിക്കൂട്ടാൻ നാം മുൻപിലാണ്. എന്നാൽ സ്വന്തം സഹപാഠി ദാഹം കൊണ്ട് വലയുമ്പോൾ ഒരിറ്റ് ദാഹജലം നൽകാൻ നാം മടിക്കുന്നതെന്തേ?
         ഇവിടെയാണ് നാം നേടിയ അല്ലെങ്കിൽ തേടിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിന് കാലിടറുന്നത്. നമുക്ക്  അറിവ് എന്നത്   A + കളും A  ഗ്രേഡുകളും  വാരിക്കൂട്ടാനുള്ള ഒരു സ്രോതസ്സു മാത്രമായി മാറി. മറിച്ച് ജീവിതത്തിൽ അന്യൻറെ കണ്ണുനീര് തുടയ്ക്കാൻ ആ അറിവ് നമുക്ക് ഉപകാരപ്പെടുന്നില്ല . കാരണം നാം അറിവ് തേടുന്നത് ചത്തുമലച്ച അക്ഷരങ്ങളിൽ നിന്നാണ്, ചുട്ടുപൊള്ളുന്ന ജീവിതത്തിൽ നിന്നല്ല. അതിനാൽ തന്നെ ആ  അറിവ് നേടിയ നാം ജീവനില്ലാത്ത കുറെ ശരീരങ്ങളായി മാറി. അതുകൊണ്ട് അറിവ് സമ്പാദനം ഉത്തരക്കടലാസുകളിലെ  ഗ്രേഡുകളാക്കുവാനെ നമുക്ക് സമയമുള്ളൂ. അതുകൊണ്ടാണ് മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും ഹോൾസെയിൽ ഡീലറായി 

വിദ്യാർത്ഥികൾ മാറുന്നത്, സമൂഹത്തിനു മാതൃകയായി സ്ഥാപിച്ച കലാലയങ്ങളിലെ  വിദ്യാർത്ഥികളെ  മദ്യപാനത്തിന്റെ പേരിൽ നാം പത്രമാധ്യമങ്ങളിൽ കാണേണ്ടിവരുന്നത്. മയക്കുമരുന്നിന്റെയും സൈബർ കുറ്റകൃത്യത്തിൻറെയും കഥ പറയാതിരിക്കുകയാണ് ഭേദം. വിദ്യാർത്ഥികളില്ലെങ്കിൽ ഇത്തരം തിന്മകൾ നടക്കില്ലെന്നു വരെയായി .
          ഇതിനെന്താണ് പ്രതിവിധി? മറ്റൊന്നുമല്ല നാം നേടുന്ന അറിവ് നമ്മെ തിരിച്ചറിയാൻ ഉപയോഗിക്കുക. ഒപ്പം നമ്മെയും സമൂഹത്തെയും തിരുത്താൻ കൂടി ആ അറിവുകളുപയോഗിക്കുക. ധാർമ്മികമൂല്യങ്ങളെ തിരികെ പിടിക്കുക. നമ്മുടെ ധാർമ്മികതയെ കൊണ്ട്  തിന്മകളെ തിരുത്തുക. വിദ്യഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം  ധാർമ്മികമൂല്യങ്ങളെ കൈവരിക്കുക എന്നതാവട്ടെ . സ്വന്തം സൃഷ്ടാവിനെ കണ്ടെത്താനുള്ള വഴികളാവട്ടെ ആ അറിവുകൾ. അത്തരം അറിവുകൾ മാത്രമേ നമ്മുടെ ജീവിതത്തിന് ഉപകരിക്കുകയുള്ളൂ. സ്വന്തം സഹപാഠിയെ തിരിച്ചറിയാൻ അത്തരം അറിവിനു മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ  ധാർമ്മികചിന്തകളെ വളർത്തിയെടുക്കുക, ക്യാംപസുകലെ നമുക്ക് പൂങ്കാവനമാക്കി മാറ്റാം !..........